Thursday, February 24, 2011

ഒരു മിസ്സ്ഡ് കോളും നക്ഷത്രങ്ങളും


ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.എനിക്ക് പതിനാറു വയസ്സ് കഴിഞ്ഞു. സുന്ദരിയാണ്‌ .എന്റെ കാഴ്ച്ചയില്‍ നിങ്ങള്‍ എന്നില്‍ നിന്നും വളരെ താഴെയാണ് . വളരെ വളരെ താഴെ.
കാരണം .........
നിങ്ങള്‍ വായിക്കുന്ന എന്റെ കഥ നിങ്ങളിലെക്കെത്തിക്കുന്ന ഇന്റര്‍നെറ്റ്‌ സിഗ്നലുകള്‍ സ്വീകരിക്കുന്ന സാറ്റലൈട്ടുകള്‍ക്കും വളരെ മുകളിലാണ് എന്റെ സ്ഥാനം.
കാരണം .........
ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.
പതിനാറു വയസ്സ് കഴിഞ്ഞ, സുന്ദരിയായ ......... നക്ഷത്രം...
കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കും അപ്പുറമുള്ള നക്ഷത്രമാകാന്‍ എനിക്ക് വേണ്ടി വന്നത് വെറും പതിനാറു വര്‍ഷങ്ങള്‍ മാത്രം.
നോക്കൂ നിങ്ങളിപ്പോള്‍ എന്റെ കാഴ്ചയിലൂടെ സൂന്യാകാശത്തിനും അപ്പുറത്തുനിന്നും ഭൂമിയിലെ പാവക്ക പോലെ കിടക്കുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ എന്റെ കുട്ടിക്കാലമാണ് കാണുന്നത് .
കണ്ടില്ലേ സുന്ദരമായോഴുകുന്ന പുഴയും .നിറയെ മരങ്ങളും ,തെങ്ങുകളും, കവുങ്ങുകളും,മലകളും,കുന്നുകളും,ചെടികളും പൂക്കളും,അമ്പലവും,ആമ്പല്‍ക്കുളവും,അങ്ങനെയങ്ങനെ ഗൃഹാതുരതയുണര്‍തുന്ന കാഴ്ചകളുള്ള ഗ്രാമം.
ഗ്രാമത്തിലേക്ക്...എന്നിലേക്ക്‌ , ആധുനികതയുടെ,നാഗരികതയുടെ യാന്ത്രിക മുഖങ്ങള്‍ വരുന്നതിനു മുന്‍പ് വരെ എന്റെ വീട് എനിക്ക് സ്നേഹക്കൂടായിരുന്നു...........
എപ്പോഴാണ് എനിക്കത് നഷ്ടപ്പെട്ടത് ........
നോക്കൂ ദാ എന്റെ അച്ഛന്‍ ഒരു ടി വി കൊണ്ട് വരുന്നത് കണ്ടില്ലേ ഇതിലൂടെയാണ് പുറം ലോകത്തെ വര്‍ണാഭമായ കാഴ്ചകള്‍ എന്നിലേക്ക്‌ വരുന്നത്.
ടി വി ഞങ്ങളെ ഒരു വീടിനകത്തെ അപരിചിതരാക്കി മാറ്റി.
നോക്കൂ, പ്ലസ്‌ വണ്ണിനു ചേര്‍ന്ന ഒരു കുട്ടിയാണ് ഞാനിപ്പോള്‍.
സ്കൂള്‍ വിട്ടു വന്നാല്‍ ഞാനെന്റെ യൂണിഫോം പോലും മാറാതെ ടി വി യിലേക്ക് കയറിപ്പോകും. പിന്നീട് പണി കഴിഞ്ഞു വരുന്ന അച്ഛനും അമ്മയും ..........ഇടയിലെപ്പോഴോ ഓരോരുത്തരായി ടി വി യില്‍ നിന്നിറങ്ങി വന്നു ഭക്ഷണം കഴിക്കും.പിന്നീട് ടി വിയിലേക്കും.പിന്നെ ഉറക്കത്തിലേക്കും ..
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് അച്ഛനോട് പറഞ്ഞ് ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്നതാണ്.ഫോണില്‍ കണക്കു കൂട്ടാം,സ്പെഷ്യല്‍ ക്ലാസ് ഉണ്ടെങ്കില്‍ താമസിച്ചുപോയാല്‍ വിളിച്ചു പറയാം എന്നൊക്കെയാണ് എന്റെ പക്ഷം.പാവം അച്ഛന്‍ അത് ശരി വെയ്ക്കുന്നു പ്ലസ്‌ വണ്ണിനു പഠിക്കുന്ന മകള്‍ പറയുന്നതാണ് കാര്യം.പഠനം താഴേക്കു പോകുന്നത് കണക്കു കൂട്ടാന്‍ സൌകര്യമില്ലാത്ത ഫോണില്ലാത്തത് കൊണ്ട് തന്നെ.
ഇപ്പോള്‍ നിങ്ങള്‍ കാണുന്ന കാഴ്ചയില്‍ സ്കൂളില്‍ നിന്ന് വരുന്ന ഞാന്‍ കയറിപ്പോകുന്നത്‌ ടി വിയിലേക്കല്ല മൊബൈല്‍ ഫോണിനുള്ളിലേക്കാണ് ഇനി ഇതിനുള്ളില്‍ നിന്ന് പുറത്തു വരാന്‍ മൂന്നു നാല് മണിക്കൂറെടുക്കും .........
അപ്പോഴേക്കും നമുക്കൊരു ഫ്ലാഷ് ബാക്ക് ലേക്ക് പോകാം ..
ഫ്ലാഷ് ബാക്ക് ,,,
ക്ലാസ്സ്‌ റൂം .ഇന്റെര്‍വെല്‍ സമയം ...
ചുരിദാറിന്റെ പോക്കറ്റി ലിരുന്നു വിറയ്ക്കുന്ന ഫോണ്‍ .,
നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പര്‍
ഓഫ്‌ ചെയ്യുന്നു .
വീണ്ടും വിറയ്ക്കുന്ന ഫോണ്‍.
വീണ്ടും ...വീണ്ടും..
,നോക്കൂ ഞാന്‍ ഫോണ്‍ അറ്റെന്ടു ചെയ്യുന്നു
ഹലോ ...........സോറി റോങ്ങ്‌ നമ്പര്‍
ഫ്ലാഷ് ബാക്കില്‍ ഒരാഴ്ച കഴിയുമ്പോഴേക്കും റോങ്ങ്‌ നമ്പറില്‍ നിന്നും സുമുഖനായ (നിങ്ങള്‍ക്ക് ആളെ കാണാന്‍ കഴിയില്ല പക്ഷെ ശബ്ദം കൊണ്ട് ആളൊരു സുമുഖനാണെന്ന് ഞാന്‍ ഉറപ്പിച്ചു} യുവാവ്‌ ഇറങ്ങി വരുന്നു.പിന്നീടൊരിക്കല്‍ സ്കൂളിലേക്കുള്ള വഴിയരികില്‍ ബൈക്കില്‍കാത്തു നില്‍ക്കുന്ന യുവാവ് ....
പല ദിവസങ്ങളിലെ കാത്തു നില്പിന് ഒടുവില്‍ ഞാനതാ ബൈകിനു പിന്നില്‍ കയറി പോകുന്നു.
നോക്കൂ ഞാനെത്ര മാറിയിരിക്കുന്നു അല്ലെ ?
ടി വി യിലേക്ക് കയറിപ്പോയ അച്ഛനും, അമ്മയും സ്നേഹമില്ലാതവരായി .തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.ഫോണ്‍ ചെയ്താല്‍ (മണിക്കൂറുകള്‍}കുറ്റം.വീട്ടില്‍ പണിയൊന്നും ചെയ്യാതിരുന്നാല്‍ കുറ്റം {ഞാന്‍ പഠിക്കുന്ന? കുട്ടിയല്ലേ }..
ഓണ പ്പരീക്ഷയുടെ ദിവസങ്ങളില്‍ എന്റെ പുസ്തകത്താളുകളില്‍ സുമുഖനായ യുവാവ്‌ പുഞ്ചിരിച്ചു അക്ഷരങ്ങളിലേക്ക് ആ ചിരി പടര്‍ന്നു ആ ചിരിയുടെ മാസ്മരികതയില്‍ ഞാന്‍.........ഫോണിനു ഉള്ളിലേക്ക് കയറിപ്പോയി ..മണിക്കൂറുകള്‍ക്കു ശേഷം ..ചെവി പൊള്ളിക്കുന്ന ഫോണി നുള്ളില്‍ നിന്നും ഞാന്‍ പുറത്തു വരുന്നു ..പുതിയൊരു തീരുമാനവുമായി ..
നോക്കൂ ഇപ്പോള്‍ ,ഈ നിമിഷം മുതല്‍ ഞാനൊരു മുതിര്‍ന്ന ?സ്ത്രീയായി !!!കാരണം ഞങ്ങളിപ്പോള്‍ ഒരു തീരുമാനമെടുത്തു...... നാളെ ...ഞങ്ങള്‍ ? രജിസ്ടര്‍ വിവാഹം ചെയ്യും .
ഇങ്ങനൊരു തീരുമാനം എന്നെപ്പോലെ ഒരു മുതിര്‍ന്ന സ്ത്രീക്കല്ലേ എടുക്കാന്‍ പറ്റൂ .
ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് വിവാഹം രജിസ്ടര്‍ ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ച ...
സ്ഥലം -ഒരു വീട് -തല്‍ക്കാലം അതിനെ പകല്‍ വീട് എന്ന് വിളിക്കാം {രജിസ്ടര്‍ ഓഫീസ് അല്ല }
കാരണം സംഭവം ആരും അറിയരുത് .
രാജ്സ്ട്രരെ യുവാവ്‌ കാശ് കൊടുത്തു വിളിച്ചുകൊണ്ടു വരും .
മാല, ബൊക്കെ, സാക്ഷികള്‍ എല്ലാം റെഡി .
അതാ രജിസ്ട്രാര്‍ വരുന്നു .
ബുക്ക് -വരന്‍ - ഒപ്പ്
വധു - ഒപ്പ്
സാക്ഷികള്‍-1-ഒപ്പ്
2-ഒപ്പ്
നാണം കൊണ്ട് തുടുത്ത മുഖവുമായി 16-കാരിയായ മുതിര്‍ന്ന സ്ത്രീയായ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള വധു ?
അതാ ദാമ്പത്യത്തിന്റെ പ്രതീകമായി താലി അണിയിക്കുന്ന യുവാവ്‌. പരസ്പരം മാല അണിയിക്കുന്ന ക്ലോസീപ്പു സീന്‍
ചായ .,ബിസ്കറ്റ് ....
ശുഭം ................
വൈകിട്ട് ,
പതിനാറുകാരിയായ് , വിദ്യാര്തിനിയായിഞാന്‍ വീട്ടിലേക്കു ,..പിന്നീട് ഫോണി ലേക്ക് .........
പിന്നീടുള്ള എന്റെ ദിവസ്സങ്ങള്‍ക്ക് നിറങ്ങള്‍ പലതായിരുന്നു ..
ദിവസ്സവും സ്കൂളി ലെക്കായി വീട്ടില്‍ നിന്നിറങ്ങുന്ന എന്നെ നിങ്ങള്‍ കാണുന്നത് ഉച്ച വരെ സ്കൂളിലും ഉച്ച കഴിഞ്ഞു പകല്‍ വീട്ടിലുമാണ് .കാരണം ഞാനൊരു മുതിര്‍ന്ന സ്ത്രീയായി കഴിഞ്ഞു .ഒരു കുടുംബിനി !!!!!
ഇപ്പോള്‍ എന്റെ കാഴ്ചയിലൂടെ നക്ഷത്രങ്ങള്‍ തെളിഞ്ഞ വീടുകള്‍ കാണാം ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ എന്റെ ഗ്രാമം ആഹ്ലാദത്തിലാണ് .കാണുന്നില്ലേ ...
ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഗ്രാമം ആഹ്ലാദത്തില്‍ മുങ്ങുമ്പോള്‍ എന്റെയുള്ളിലും ഒരു കുഞ്ഞു പിറവിയെ ടുക്കുന്നത്തിന്റെ ആഹ്ലാദം .
ആ സന്തോഷത്തില്‍ ഞാന്‍ ഫോണി നുള്ളിലേക്ക് കയറിപ്പോകുന്നു മണിക്കൂറുകള്‍ക്കു ശേഷം,എന്റെയുള്ളിലെ കുഞ്ഞു നക്ഷത്രത്തിന്റെ കാല്‍ പിടിച്ചു തരയിലടിക്കാന്‍ നില്‍ക്കുന്ന കംസനായി മാറിയ സുമുഖനായ? യുവാവിന്റെ നേര്‍ക്ക്‌ ,ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ കൊച്ചു കുട്ടയുടെ പകപ്പോടെ തേങ്ങുന്ന എന്നെ നിങ്ങള്‍കാണാം,.
ഞാനിനി എന്ത് ചെയ്യും ....
എന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒളിച്ചു പോകുന്നു .തടയാന്‍ എനിക്ക് കഴിയുന്നില്ല
തീരുമാനം ഉടന്‍ വേണം
ഞാന്‍ എന്നോട് പറയുന്നത് കേള്‍ക്കുന്നില്ലേ ,
16 - വര്ഷം മാതാപിതാക്കള്‍ നല്‍കിയ സ്നേഹത്തിനു ഞാന്‍ നല്‍കിയ വില ....
ഒരു റോങ്ങ്‌ നമ്പറിനു ഞാന്‍ നല്‍കേണ്ടിവന്ന വില .........
ഒരു നക്ഷത്രം ............
ഇപ്പോള്‍ ആകാശത്ത് ഞാനൊരു സ്റ്റാര്‍ ആണ് എന്ന് വെച്ചാല്‍ നക്ഷത്രം.
ഒരു നക്ഷത്രം
എനിക്ക് മുമ്പേ ഒരു റോങ്ങ്‌ നമ്പറില്‍ ജീവിതം നക്ഷത്രമാക്കിയവരുടെ കൂട്ടത്തിലെ അവസാന നക്ഷത്രം
നാളെ .......എനിക്ക് പിന്നാലെ ആര് ?................
എനിക്ക് കാണാം എനിക്കുമുന്നിലെ സാറ്റലൈട്ടുകളിലൂടെ എനിക്ക് പിന്നാലെ ഒരു നക്ഷത്ര സമൂഹമുണ്ടാക്കാന്‍ പോന്ന റോങ്ങ്‌ നമ്പരുകളുടെ മിന്നല്‍ പിണരുകള്‍ അങ്ങ് താഴെ ഭൂമിയില്‍ എന്റെ പ്രായമുള്ള പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണിലൂടെ അവരുടെ ഹൃദയത്തിന്റെ സ്നേഹ ജാലകം തുറക്കുന്ന കാഴ്ച ...........
തടയാനെനിക്കാകില്ലല്ലോ ......ഞാന്‍,.... ഞാനൊരു നക്ഷത്രമല്ലേ.... നിങ്ങള്ക്ക് മുമ്പേ പോന്ന
വെറുമൊരു നക്ഷത്രം ..................

1 comment: